Wednesday

കാണാമറയത്ത്....


എന്‍റെ ബ്ലോഗുകള്‍ വായിക്കുന്ന ആള്‍ക്കാര്‍ക്ക് എനിക്കു പത്മരാജന്‍ എന്ന വ്യക്തിയോടുള്ള ആരാധന മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല . എന്തായാലും വീണ്ടും ഒരു ലേഖനം എഴുതി അദ്ദേഹത്തെ നാണംകെടുത്താനല്ല എന്‍റെ ശ്രമം. ഇനിയൊരെണ്ണം കൂടി എഴുതിയാല്‍ ചിലപ്പോള്‍ അദ്ദേഹത്തോട് ആരാധനയുള്ള എന്‍റെ കൂട്ടുകാര്‍ തന്നെ എന്നെ കൊന്നെന്നിരിക്കും . ഞാന്‍ അദ്ദേഹത്തെക്കുറിച്ച് വായിച്ചിട്ടുള്ള ഏറ്റവും മികച്ച ലേഖനമാണ് ഇവിടെ പോസ്റ്റ്‌ ചെയ്യാന്‍ പോകുന്നത് . ഞാന്‍ ജയ്ഹോ ന്യൂസ്‌ നു വേണ്ടി തയ്യാറാക്കിയ ഒരു ഫീച്ചര്‍ന്റെ പ്രസക്ത ഭാഗമാണ് ഇവിടെ നിങ്ങളുമായി പങ്കിടാന്‍ ഉദ്ദേശിക്കുന്നത്‌ . ഇതെഴുതിയ നീതു ദാസ്‌ എന്ന കൂട്ടുക്കാരിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല . പത്മരാജന്‍ എന്ന അസാമാന്യപ്രതിഭയുടെ ഏതൊരു  ആരാധകനും നിര്‍ബന്ധമായും വായിക്കേണ്ട ഒരു ലേഖനമാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു . അദ്ദേഹത്തെ സ്മരിച്ചുക്കൊണ്ട് ഞാന്‍ ഈ ലേഖനം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു !
              ഇന്നലെകളിലെ മൂടല്‍മഞ്ഞും ഒരു ഗന്ധര്‍വനും 

മഴ പെയ്തു തോര്‍ന്ന മണ്ണിനു പത്മരാജന്‍  സൗന്ദര്യം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പെയ്തു തീര്‍ന്നിട്ടും അതിന്‍റെ സൗന്ദര്യം ഇരട്ടിച്ചു നിര്‍ത്തുന്ന പത്മാരാജന്‍  ഫ്രെയിമുകളുടെ അതെ സൗന്ദര്യം. പത്മരാജന്‍ എന്ന മഹാസംവിധായകനെക്കുറിച്ചും എഴുത്തുക്കാരനെ കുറിച്ചും  പറയുന്നതിന് മുന്‍പ് ഒരു പത്തൊന്‍പതുകാരിയുടെ മനസ്സിലെ സ്വപ്നങ്ങളെക്കുറിച്ച് പറയാം. എന്‍റെ  മനസ്സില്‍ പ്രണയം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്ന ചിത്രം രണ്ടാമത്തെ ഹോണ്‍ അടിക്കുമ്പോള്‍ വരാമെന്ന് പറഞ്ഞിട്ട് വരാത്തതെന്താ എന്ന് ചോദിച്ചു സോഫിയെ വണ്ടിയില്‍ എടുത്തു കയറ്റുന്ന സോളമന്റെ ചിത്രമാണ്,പ്രണയത്തിന്റെ മറുപുറം എന്ന് കേള്‍ക്കുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍  വെച്ച് ക്ലാരക്കും ഒപ്പം കുറെ ഓര്‍മകള്‍ക്കും ഗുഡ്ബൈ പറയുന്ന ജയകൃഷ്ണനും. 
                     
കപടസദാചാരം കൊണ്ട് മാത്രം കെട്ടിപ്പടുത്ത രണ്ടു മൂന്നു പ്രണയസിനിമകള്‍ അടുത്തിടെ കണ്ടപ്പോഴാണ് പത്മരാജന്‍ എന്ന എണ്പത്കളിലെ യാഥാസ്ഥിതികതയെ ചോദ്യം ചെയ്ത ധീരനെക്കുറിച്ച് അഭിമാനം തോന്നിയത്. ഇന്നത്തെ നമ്മുടെ ഏതെങ്കിലും സംവിധായകരുടെയും കയ്യിലാണ് 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' ചെന്ന് പെട്ടതെങ്കില്‍ തീര്‍ച്ചയായും സോഫി അവസാനം ആത്മഹത്യ ചെയ്തിരിക്കും..വേണമെങ്കില്‍ സോഫിക്ക് പാമ്പുകടി ഏറ്റോ ഇടിമിന്നല്‍ ഏറ്റോ മരിക്കാം. ഇതൊന്നും സംഭവിക്കരുത് എന്നുണ്ടെങ്കില്‍ സോഫിയെ സോഫിയുടെ ചിറ്റപ്പന്‍ മാനഭംഗപ്പെടുത്തുന്നതിന് തൊട്ടു മുന്പ് സോളമന്‍ വാതില്‍ ചവുട്ടി തുറന്നിരിക്കും. അല്ലാതെ നായകനെങ്ങനെ മറ്റൊരാള്‍ മാനഭംഗപെടുത്തിയ പെണ്‍കുട്ടിയെ വിവാഹം ചെയ്യും! പത്മരാജന്‍എന്ന ധീരന് സല്യൂട്ട്!
                                                                
ഇന്നലെ എന്ന ചിത്രത്തിലെ മൂടല്‍മഞ്ഞു പോലെ സങ്കീര്‍ണമായ നിഗൂഡമായ മനസ്സുള്ളവരായിരുന്നു പത്മരാജന്‍ കഥാപാത്രങ്ങള്‍ ഏറെയും. തൃശൂര്‍ നഗരത്തില്‍ എല്ലാവിധ അടിച്ചുപൊളിയും നടത്തി ജീവിക്കുന്ന  മണ്ണാര്‍ത്തുടി ജയകൃഷ്ണന്‍ ക്ലാരയുടെ കാര്യത്തില്‍ എടുത്ത നിലപാട് അദ്ഭുതപ്പെടുത്തുന്നു ഇന്നും! കൂടെവിടെയിലെ മമ്മൂട്ടി അവതരിപ്പിച്ച തോമസും റഹ്മാന്‍ അവതരിപ്പിച്ച രവിയും ഒരുപോലെ വിഷമിപ്പിച്ചു.  ആ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍. രവിയുടെ മൃതദേഹം കൊണ്ടുപോകുന്ന വഴിയില്‍ കാറിലിരുന്നു കരയുന്ന ആലിസ്ടീച്ചറുടെ ചിത്രം ഇന്നും മായാതെ നില്‍ക്കുന്നു. ആലിസ് അന്ന് കരഞ്ഞത് രവിയെ ഓര്‍ത്തിട്ടോ  തോമസിനെ ഓര്‍ത്തിട്ടോ  അതോ സ്വന്തം ദുര്‍വിധി ഓര്‍ത്തിട്ടോ! പത്മരാജന്റെ സ്ത്രീകഥാപാത്രങ്ങള്‍ ആരും നായകന്‍റെ നിഴല്‍  നോക്കി നടക്കുന്നവരായിരുന്നില്ല. എല്ലാവരും ആദ്യം ഓര്‍ക്കുന്നത് ക്ലാരയെ ആണെങ്കിലും എന്‍റെ  മനസ്സില്‍ മുന്നില്‍ നില്‍ക്കുന്നത് 'നവംബറിന്റെ നഷ്ട'ത്തിലെ മീര ആണ്. ജീവിതത്തില്‍ എല്ലാ അര്‍ത്ഥത്തിലും തൊട്ടു എന്ന് ബോധ്യപ്പെട്ടിട്ടും തന്നെ ചതിച്ച കാമുകനെ കിടക്ക പങ്കിട്ടതിന് ശേഷം അയാളുടെ പാന്റിന്റെ ബെല്‍റ്റ്‌ ഊരി കഴുത്തുനെരിച്ചു കൊല്ലുന്ന മീരയെ മറക്കാന്‍ കഴിയില്ല. 'മായ'  ആയി മാറുന്ന ഗൗരിയും ആഴമേറിയ പഠനം ആവശ്യപ്പെടുന്നു. സ്വവര്‍ഗപ്രണയികള്‍ എന്നും ഉറ്റകൂട്ടുകാരികള്‍ എന്നും മാറി മാറി വിളിക്കപ്പെട്ടിട്ടുള്ള നിമ്മിയും സാലിയും! ശാരി അവതരിപ്പിച്ച സാലിയോളം ബോള്‍ഡ് ആയ മറ്റൊരു സ്ത്രീ കഥാപാത്രം പിന്നീട് സ്ക്രീനില്‍ കണ്ടിട്ടില്ല. ഇങ്ങനെ കഥാപാത്രങ്ങളെ എണ്ണിപറയുമ്പോള്‍ ഒരു പുസ്തകം ആവശ്യമായി വരും. ചര്‍ച്ച ചെയ്യപ്പെടാത്ത എത്ര ചിത്രങ്ങള്‍, കഥാപാത്രങ്ങള്‍!!, 'അരപ്പട്ട കെട്ടിയ ഗ്രാമത്തി'ലെ നായകന്‍, 'ഒരിടത്തൊരു ഫയല്‍വാന്‍'ലെ ഫയല്‍വാന്‍, 'കള്ളന്‍ പവിത്രന്‍'ലെ ദമയന്തി, 'കരിയിലക്കാറ്റുപോലെ'യിലെ ശില്പ..അങ്ങനെയെത്രയെത്ര..
                                             
പത്മരാജന്‍ സിനിമാകളിലെന്തുകൊണ്ടോ ഹൃദയത്തിനു ഏറ്റവും  അടുത്ത് നില്‍ക്കുന്നത് 'ഇന്നലെ' ആണ്. ആദ്യം 'ഇന്നലെ' കാണുമ്പോള്‍ മായയും ശരത്തും ഒന്നിച്ചു സകല സൗ ഭാഗ്യങ്ങലോടയും അവര്‍ ജീവിക്കാന്‍ പോകുന്ന പൈങ്കിളി ആശ്വാസത്തില്‍ ചാഞ്ഞിരുന്ന ഞാന്‍ ഇന്ന്, ഒരു തലയാട്ടലോടെ ആ വീട്ടില്‍ നിന്നും ഒരു അംബാസിഡര്‍ കാറില്‍ കേറി ദൂരേക്ക്‌ മറഞ്ഞു പോയ നരേന്ദ്രനെകുറിച്ചോര്‍ത്തു ഒരുപാടു വേദനിക്കാറുണ്ട്..ഹൃദയം പറിച്ചുകൊടുക്കുന്ന വേദനയോടെ നരേന്ദ്രന്‍ ഒറ്റയ്ക്ക് മൂടല്‍മഞ്ഞിന്റെ നിഗൂഡതകള്‍ക്കിടയിലേക്ക് യാത്രയാകുമ്പോള്‍ നഷ്ടപ്പെട്ടത് എനിക്കും കൂടിയാണെന്ന ഒരു തോന്നല്‍ എവിടെയോ! ഒപ്പം സുരേഷ് ഗോപി എന്ന നല്ല നടന്‍ ഇന്ന് ലക്‌ഷ്യം ഏതുമില്ലാതെ തോക്കും പിടിച്ചു അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന വേദനയും! ജീവിതത്തില്‍ നിരാശയോ ഒറ്റപ്പെടലോ അനുഭവപ്പെടുമ്പോള്‍ ഞാന്‍ കാണാറുള്ളത്‌ അന്ന് നരേന്ദ്രന്‍ കണ്ട അതെ മൂടല്‍മഞ്ഞ്‌ ആണ്. മറ്റു ചിലപ്പോള്‍ മായ തന്‍റെ സ്വപ്നങ്ങളില്‍ സ്ഥിരമായി കാണാറുള്ള പ്രതീക്ഷയുടെ മൂടല്‍മഞ്ഞും!
                                      
ഇന്നലെയിലെ ഇപ്പറഞ്ഞ ഫ്രെയിമുകളും, തൂവാനത്തുമ്പികളില്‍ ജയകൃഷ്ണന്‍ നനയുന്ന മഴയും, ഒരു ചെറുചിരിയോടെ സോഫിയെ വണ്ടിയില്‍ കയറ്റികൊണ്ട്‌ പോകുന്ന സോളമനെയും, സേഫ് ആയ ദൂരേക്ക്‌ യാത്രയാകുന്ന നിമ്മിയും സാലിയേയും ഒക്കെ കാണുമ്പോള്‍ അറിയാതെ തോന്നിപ്പോകുന്നു..നമ്മുടെ ഗന്ധര്‍വന്‍ ഭൂമിയിലെ ശാശ്വതമല്ലാത്ത കലാജീവിതം വെടിഞ്ഞു സ്വര്‍ഗത്തില്‍ ഗന്ധര്‍വനായി തന്നെ ജീവിക്കുകയാകും ഇപ്പോള്‍. ജീവിതത്തിന്‍റെ എല്ലാ ഭാവങ്ങളിലും പത്മരാജന്‍ എന്ന ചിത്രകാരന്‍ കോരിയിട്ട വരകളുമായി ജീവിക്കുന്ന ആരാധിക്കക്ക് ഇതില്‍ കൂടുതലൊന്നും എഴുതാന്‍ കഴിയില്ല.

കടപ്പാട് : നീതു ദാസ്‌ 

4 comments:

aravindk2004 said...

absolutey beautiful!!! <3 it!!

aravindk2004 said...

beautifully written one !:)

Bhavya N said...

Truly wonderfully written! A fitting tribute to the legend!

Neethu Das.K said...

Thank u Gautham.S.Kumar:))
Thanks a lot 4 making me appear in your successful blog!