Wednesday

പ്രിയപ്പെട്ടവൾ..

കനത്ത മഴയുള്ള ഒരു ദിവസം. ജനാലയിൽ കൂടി മഴ കണ്ടിരിക്കാൻ നല്ല രസം. എഴുതണം എന്നാഗ്രഹം ഉണ്ടെങ്കിലും മടി കാരണം അതിനു വയ്യ . അപ്പോൾ പിന്നെ എന്തേലും വായിക്കാമെന്നായി. വായിച്ചു തീർക്കാൻ കുറച്ചു പുസ്തകങ്ങൾ ബാക്കിയുണ്ടെലും അതിലൊട്ടൊന്നും എന്റെ ശ്രദ്ധ പോയില്ല. ഞാൻ ഒരുപാടു തവണ വായിച്ചിട്ടുള്ള ഒരു കഥ ആയിരുന്നു അപ്പോഴും  എന്റെ മനസ്സിൽ. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട, എന്നെ ഏറ്റവും കൂടുതൽ വികാരധീനനാക്കിയ കഥയാണത്. ഒരുപക്ഷെ പി പദ്മരാജൻ എന്ന അനശ്വരപ്രതിഭയുടെ ഏറ്റവും മികച്ച സൃഷ്ടി എന്ന് വിശേഷിപിക്കാവുന്ന ഒന്ന്..'ലോല ' .

ലോലയെ എനിക്ക് പരിചയപ്പെടുത്തിയത് എന്റെ മിത്രങ്ങളായ വിഷ്ണു രാഘവും അനു മോഹനുമാണ്. പദ്മരാജന്റെ ഒട്ടനവധി സിനിമകളും കഥകളും അത്ഭുതമായി കണ്ടിരിന്ന എനിക്കു ലോല ഒരു പുതിയ അനുഭവമായിരുന്നു. ആ അനുഭവത്തെ വിവരിക്കാൻ വാക്കുകൾക്കു ആകില്ല. ആ കഥ വായിക്കുന്ന ഏതൊരാൾക്കും മറക്കാനാവാത്ത ഒരു അനുഭൂതിയാണ് ലഭിക്കുന്നത്‌. ആ കഥയുടെ ഒടുവിൽ ലോല എന്ന കഥാപാത്രം ഒരു വികാരമായി അവസാനിക്കുന്ന കാഴ്ചയാണ്‌ കാണാൻ കഴിയുന്നത്‌പ്രണയത്തെ ഇത്രയും തീവ്രതയോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയു. ലോലയെ വീണ്ടും ഓർക്കാൻ കാരണം രണ്ടുപേരാണ്. വിഷ്ണുവും പിന്നെ മോഹൻലാൽ എന്ന അതുല്യനടനും. കഴിഞ്ഞ മാസത്തെ മോഹൻലാലിന്റെ ബ്ലോഗ്‌ പദ്മരാജനെ കുറിച്ചായിരുന്നു. പദ്മരാജന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഒരാളെന്ന നിലയിൽ അദ്ദേഹത്തിന്റെ ആ ലേഖനം തൂവാനത്തുമ്പികളിലെ മഴപോലെ സൗന്ദര്യം ഉള്ളതായിരുന്നു. അതിൽ അദ്ദേഹം ലോലയെ കുറിച്ചു വർണ്ണിച്ചിട്ടുണ്ട്, അതിലെ ഏറ്റവും മനോഹരമായ വരികളും. ലോല വായിച്ചവർ അതു തുടർന്നും വായിച്ചുകൊണ്ടേ ഇരിക്കും, വായിക്കാത്തവർ ഉടനെത്തന്നെ ആ അനുഭവം തേടിപോകുവ. ഇതുവരെ വായിച്ച കഥകളിൽ  എന്റെ ഏറ്റവും പ്രിയപ്പെട്ട നായിക ലോല തന്നെയാണ്. മറക്കാനാകാത്ത ഒരു അനുഭവം നിങ്ങളിലും ലോല സമ്മാനിക്കട്ടെ, ഞാൻ വീണ്ടും പദ്മരാജൻ കഥകളിലേക്ക് യാത്രയാകുന്നു......